Saturday, June 4, 2011

മൂന്നു ചിത്രങ്ങള്‍

കൂട്ടുകാരേ ഞാന്‍ മൂന്നു ചിത്രങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തട്ടെ.,
ഒരല്പം മാത്രമകലെയുള്ള യു.എന്‍ ഭക്ഷ്യവിതരണ കേന്ദ്രം ലക്ഷ്യമാക്കി, നടക്കാന്‍ ത്രാണിയില്ലാത്തതിനാല്‍ ഇഴഞ്ഞു നീങ്ങുന്നൊരു കൊച്ചു പെണ്‍കുട്ടി. അവളേതു നിമിഷവും മരിച്ചേക്കാമെന്നതിനാല്‍ കൊത്തിത്തിന്നാന്‍ വേണ്ടി ആ കുഞ്ഞിനെ പിന്തുടരുന്ന ശവംതീനിക്കഴുകനുമാണ് ഒന്നാമത്തേത്. 1994ല്‍ സുഡാനിലെ ഒരു ഭക്ഷ്യക്ഷാമകാലത്ത് കെവിന്‍ കാര്‍ട്ടറെന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രം.

വയലില്‍ മേയുന്ന ഒരു കുതിരയെത്തന്നെ നോക്കിയിരിക്കുന്ന, എല്ലും തോലും മാത്രം ശരീരമായുള്ള ഒരു കുഞ്ഞിന്റെത് രണ്ടാമത്തെ ചിത്രം. ആ കുതിര ചാണകമിട്ടപ്പോള്‍, കുഴിഞ്ഞ ആ കണ്ണുകളില്‍ തെല്ലു പ്രകാശം. തളര്‍ന്ന കാലുകളുമായി ഇഴഞ്ഞിഴഞ്ഞ് ചാണകത്തില്‍ ദഹിക്കാതെ കിടക്കുന്ന ധാന്യമണികളുണ്ടോ എന്നവന്‍ തെരഞ്ഞു. പിന്നെ ആശയറ്റ് അവന്‍ ചാണകം വാരിത്തിന്നു.

ഇനി ഒരു സങ്കല്പചിത്രം. എന്നാല്‍ ആയിരം യാഥാര്‍ത്ഥ്യങ്ങളെ ആധാരമാക്കുന്നത്. വിക്തോര്‍ ഹ്യൂഗോയുടെ വിഖ്യാതനോവലായ പാവങ്ങളില്‍ നിന്ന്. ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍പ്പെട്ട ജീന്‍ വാല്‍ജീന്‍ എന്ന മനുഷ്യന്‍ വിധവയായ തന്റെ സഹോദരിയുടെയും ഏഴു മക്കളുടെയും വിശപ്പടക്കാന്‍ ഒരു റൊട്ടി മോഷ്ടിച്ചു. അതിനവിടുത്തെ ഭരണകൂടം മോഷണം, ഭവനഭേദനം എന്നീ കുറ്റങ്ങള്‍ ചുമത്തി അയാളെ പല തവണ കഠിന തടവിനു ശിക്ഷിച്ചു.

ഇത് 2011. ലോകം കടുത്ത ഭക്ഷ്യക്ഷാമത്തിലാണിപ്പോള്‍. വിശക്കുന്നവന്റെ നെടുവീര്‍പ്പുകള്‍ കലാപങ്ങളായി മാറാന്‍ പോകുന്നു. 300 കോടി മനുഷ്യരുടെ മരണവും കാത്ത് കഴുകന്‍ കണ്ണുകളുമായി നില്‍ക്കുന്ന സാമ്രാജ്യത്വവും അതിജീവനത്തിനായി ഇഴയുന്ന മനുഷ്യജന്മങ്ങളും.

മുകളില്‍ സൂചിപ്പിച്ച ഒന്നാമഥെ ചിത്രമെടുത്ത കെവിന്‍ കാര്‍ട്ടര്‍ക്ക് പുലിറ്റ്സര്‍ പ്രൈസ് ലഭിച്ചു. എന്നാല്‍ താനാ രഗം നോക്കി ഇരുപതു മിനുട്ട് നിന്നു എന്നദ്ദേഹം പിന്നീടു പറഞ്ഞു. അതോടെ ഓരോ ദിവസവും ആ കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാത്തതില്‍ കുറ്റപ്പെടുത്തിക്കൊണ്ട് സന്ദേശങ്ങള്‍ വന്നു കൊണ്ടിരുന്നു. ഒടുവിലദ്ദേഹം ആത്മഹത്യ ചെയ്തു. ആത്മഹത്യാക്കുറിപ്പില്‍ ഇങ്ങനെ എഴുതി:
“ദൈവമേ, ആ‍രും ഭക്ഷണത്തെ നിന്ദിക്കാതിരുന്നെങ്കില്‍.. ഒരന്നം പോലും കളയാതിരുന്നെങ്കില്‍...”

മറ്റു ചിത്രങ്ങളും ഓര്‍ക്കൂ. നമ്മുടെ നാട്ടിലും മറ്റൊനാണോ അവസ്ഥ? വിശന്നു വലഞ്ഞ് വിഷക്കായ പറിച്ചു തിന്ന് വിശപ്പില്ലാത്ത ലോകത്തേക്കു പോയ ജംഷിദ, പട്ടിണി സഹിക്കാനാകാതെ പലരോടും യാചിച്ച് ഒടുക്കം ഞാവല്‍പ്പഴം പറിക്കാന്‍ മരത്തില്‍ കയറി പിടിവിട്ടു താഴെ വീണു മരിച്ച ജൂഡ് ...

സമ്പന്നര്‍ അതിസമ്പന്നരായിക്കൊണ്ടിരിക്കുന്നു. ദരിദ്രര്‍ അതിദരിദ്രരും. വിശപ്പു സഹിയാതെ ഒരപ്പമെടുത്തവന്‍ കള്ളന്‍, തെമ്മാടി. സമ്പത്ത് അന്യായമായി കൈയടക്കി ധൂര്‍ത്തടിക്കുന്ന മുതലാളിമാരോ..?

നാം ഇനിയും വെറുതെ ഇരുന്ന് നേരം കളഞ്ഞുകൂടാ. ചരിത്രം നിര്‍മ്മിക്കാന്‍ നാം തയ്യാറാകണം. അതിനായി നിലവിളികള്‍ കേള്‍ക്കുകയും അസമത്വങ്ങള്‍ക്കെതിരെ പൊരുതുകയും വേണം. നാളെ നമ്മുടേതായിരിക്കട്ടെ.

8 comments:

  1. പോസ്റ്റ് നന്നായിട്ടുണ്ട്. കൂടുതല്‍ വായിക്കുക, ചുറ്റുപാടുകളോട് പ്രതികരിക്കുക. കൂടുതല്‍ വായിക്കുന്നത് പുതിയ അനുഭവങ്ങളിലേക്ക് നമ്മെ കൊണ്ടു പോവും. പുതിയ അവബോധങ്ങളിലേക്കും. ഭാഷയും കൂടുതല്‍ മെച്ചപ്പെടും.
    keep it up

    ReplyDelete
  2. നന്നായിരിക്കുന്നു മോനെ,
    ഉപ്പയുടെ പാതയിലൂടെയുള്ള മോന്റെ സഞ്ചാരത്തിനു സര്‍വ്വ ഭാവുകങ്ങളും,
    സമൂഹത്തിലെ തിന്മകള്‍ തുടച്ചു നീക്കാനുള്ള പ്രയത്നത്തില്‍, നന്മ വിളയുന്ന ഒരു സമൂഹത്തിന്റെ നിര്‍മ്മിതിയില്‍ കരുത്തു പകരാന്‍ കഴിയട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.

    ReplyDelete
  3. ഒരു അനീതി കാണുമ്പോള്‍ മനുഷ്യ മനസ്സില്‍ ആദ്യമൂറുന്ന മുദ്രാവാക്യമാണ് ഏറ്റവും വലിയ വിപ്ലവം .. ഇനിയും ഒരുപാട് വായിക്കുകയും എഴുതുകയും ചെയ്യുക... എന്തിനോടും നന്മയോടെ പ്രതികരിക്കുന്ന ഒരു മനസ്സ് സൂക്ഷിക്കുക.... നമ്മിലെ പ്രതികരണ ശേഷി ഒരിക്കലും കെടാതെ സൂക്ഷിക്കുക... ഉപ്പാടെ പിന്നാലെ സഞ്ചരിക്കുന്നതിനു പകരം പുതിയ വഴി കണ്ടെത്തുക ... ഇറാനിയന്‍ ചിന്തകനായ സാറോഷ് (Soroush ) പറയുന്നത് നമ്മള്‍ തത്തകളെ പോലെ ചൊല്ലിക്കൊടുത്തത് പാടി നടക്കാതെ തേനീച്ചകളെ പോലെ ആവുക എന്നാണു ... !! അല്ലാഹു അനുഗ്രഹിക്കട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു ... !!

    ReplyDelete
  4. ബ്ലോഗ്‌ നാന്നായിട്ടുണ്ട് ഇനിയും തുടരുക ... ഭാവുകങ്ങള്‍

    ReplyDelete
  5. ഇതിപ്പോ, ഉപ്പാനെ കടത്തിവെട്ടുമോ എന്തോ...? അതിനായി പ്രാര്‍ത്ഥിക്കാം, ല്ലേ?

    ReplyDelete
  6. നന്നായിട്ടുണ്ട്..സര്‍വ്വവിധഭാവുകങ്ങളും നേരുന്നു..

    ReplyDelete
  7. sahuuuuuuuuuu nannayitundu keep it up

    ReplyDelete